Breaking News

സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ 9-ാം ക്ലാസുകാരിയെ കടന്ന് പിടിച്ച് കെഎസ്ആർടിസി കണ്ടക്ടറുടെ ലൈംഗികാതിക്രമം; 5 വർഷം കഠിന തടവ്

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സ്കൂളിലേക്ക് പോവുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർക്ക് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. വെമ്പായം വേറ്റിനാട് രാജ്ഭവൻ വീട്ടിൽ സത്യരാജിനെ(53) നെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി ഷിബു ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് മാസം നാലിനായിരുന്നു സംഭവം. സ്കൂളിൽ പോകുന്നതിനായി ബസിൽ കയറിയ പതിനാലുകാരിയെ കണ്ടക്ടർ കടന്നു പിടിക്കുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാകാം എന്നു കരുതി മാറി നിന്ന കുട്ടിയുടെ ശരീരത്തിൽ ഇയാൾ വീണ്ടും സ്പർശിക്കുകയും കുട്ടി സ്കൂൾ അധികൃതരോട് പരാതിപ്പെടുകയുമായിരുന്നു.

സ്കൂൾ അധികൃതർ ആര്യനാട് പൊലീസിൽ വിവരം അറിയിച്ചു. സബ് ഇൻസ്പെക്ടർ എൽ. ഷീന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. പെൺകുട്ടികളെ ബസിനുള്ളിൽ സംരക്ഷിക്കാൻ ബാധ്യതയുള്ള ബസ് കണ്ടക്ടർ തന്നെ ബസിനുള്ളിൽ വച്ച് പെൺകുട്ടിയോട് ഇത്തരത്തിൽ പെരുമാറിയത് അതീവ ഗുരുതരമായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവർ ഹാജരായി.

You cannot copy content of this page