സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളായി;തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Spread the love

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 9നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അതൊഴികെയുള്ള സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തിലെ 2267 വാര്‍ഡുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകളിലേക്കും 86 മുന്‍സിപ്പാലിറ്റികളിലെ 3205 വാര്‍ഡുകളിലേക്കും 6 കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്താകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഇതില്‍ 1കോടി 49 ലക്ഷം സ്ത്രീവോട്ടേഴ്‌സാണ്. 272 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വോട്ടേഴ്‌സ്. 2841 പ്രവാസി വോട്ടേഴ്‌സുമുണ്ട്. ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നവംബര്‍ നാല് അഞ്ച് തീയതികളില്‍ വീണ്ടും അവസരം നല്‍കിയിരുന്നു. സപ്ലിമെന്ററി ലിസ്റ്റ് 14ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും കമ്മീണര്‍ അറിയിച്ചു. മീഡിയ മോണിറ്ററിങ് സെല്ലില്‍ എഐ വിദഗ്ധരേയും ഉള്‍പ്പെടുത്തും.

ഈമാസം 21 നാണ് നാമനിര്‍ദേശപത്രിക നല്‍കേണ്ട അവസാന തീയതി. 22ന് സൂക്ഷ്മപരിശോധന നടത്തും. പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി 24നാണ്. തിരഞ്ഞെടുപ്പിനായി ഇനി വെറും 29 ദിവസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്.

You cannot copy content of this page