Breaking News

ഓഹരി വിപണിയിൽ നഷ്ടം; ഹീറ്ററിൽ കൽക്കരി കത്തിച്ച് പുക സൃഷ്ടിച്ച ശേഷം മുറി പൂട്ടി, യുവാവ് ശ്വാസംമുട്ടി മരിച്ചു

Spread the love

ഹരിദ്വാര്‍: ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് എഞ്ചിനീയര്‍ ജീവനൊടുക്കി. കെമിക്കല്‍ എഞ്ചിനീയറായ ലവ് കുമാറാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വത്ത് തര്‍ക്കവും മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അരിഹന്ത് വിഹാര്‍ പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് കാങ്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ സത്യേന്ദ്ര ഭണ്ഡാരി പറഞ്ഞു. കെമിക്കല്‍ എഞ്ചിനീയറായ ലവ് കുമാര്‍ തന്റെ മുറിയിലെ ഹീറ്ററില്‍ കല്‍ക്കരി കത്തിച്ച് പുക സൃഷ്ടിച്ച ശേഷം അകത്ത് കയറി മുറി പൂട്ടുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചത്.ഇതിനുമുമ്പ്, കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ലവ് കുമാര്‍ ഭാര്യയ്ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ഓഹരി വിപണിയിലെ നഷ്ടത്തില്‍ ഇയാള്‍ വളരെയധികം ദുഃഖിതനായിരുന്നു. മാത്രമല്ല സ്ഥിരം മദ്യപാനിയായിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യയും കുട്ടികളും താമസം മാറിയിരുന്നു.

വാട്സാപ്പില്‍ ലവ് കുമാറിന്റെ സന്ദേശം കണ്ടതിനുശേഷം ഭാര്യ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ മുറി പുക കൊണ്ട് നിറഞ്ഞിരുന്നു. ലവ് കുമാറിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

You cannot copy content of this page