മേളകുലപതി പൈങ്കുളം പ്രഭാകരന്‍ നായര്‍ അന്തരിച്ചു

Spread the love

ചേലക്കര (തൃശ്ശൂര്‍): മേളകുലപതി പൈങ്കുളം പ്രഭാകരന്‍ നായര്‍ (76) അന്തരിച്ചു. ശാരീരിക അവശതകളെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം. കേരളത്തിനകത്തും പുറത്തുമായി ഒട്ടനവധി ഉത്സവങ്ങളില്‍ മേളം, തായമ്പക എന്നിവയില്‍ പ്രഭാകരന്‍ നായര്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയും രൗദ്രതയുടെ താളപ്പെരുക്കമൊരുക്കുന്ന പാണ്ടിയും മനോധര്‍മത്തിന്റെ മാസ്മരികത തീര്‍ക്കുന്ന തായമ്പകയും കൊട്ടി പൂരപ്രേമികളുടെ മനസില്‍ നിറസാന്നിധ്യമായ പൈങ്കുളം പ്രഭാകരന്‍ നായര്‍ ഇനി ഓര്‍മ്മ.

പൈങ്കുളം ചാത്തനാത്ത് വേലുക്കുട്ടി നായരുടെയും വിഴക്കാട്ട് സീതമ്മയുടെയും മകനാണ് പ്രഭാകരന്‍ നായര്‍. ഉത്രാളിക്കാവ് പൂരത്തിന് എങ്കക്കാട് വിഭാഗത്തിന് 20 വര്‍ഷം മേളപ്രമാണിയായി. വാഴാലിക്കാവ്, കിള്ളിമംഗലം അങ്ങാടിക്കാവ്, ചേലക്കര മാരിയമ്മന്‍ പൂജ ഉത്സവം എന്നിവിടങ്ങളിലും അനേകവര്‍ഷം മേളനിരയെ നയിച്ചു.

അന്തിമഹാകാളന്‍ വേലയോടനുബന്ധിച്ച് വെങ്ങാനെല്ലൂര്‍ ദേശത്തിന്റെ മേളപ്രമാണം പതിറ്റാണ്ടുകളോളം പ്രഭാകരന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. വെങ്ങാനെല്ലൂര്‍ ശിവക്ഷേത്രത്തില്‍ അന്തിമഹാകാളന്റെ നടയില്‍ വേല പുറപ്പെടുന്നതിന് മുമ്പുള്ള അടുക്ക് കൊട്ടുക എന്ന ചടങ്ങ് നടത്തിവന്നിരുന്നത് ഇദ്ദേഹമാണ്.

പ്രഭാകരന്‍ നായര്‍ തന്റെ കലാവൈദഗ്ധ്യം ഒട്ടനവധി പേര്‍ക്ക് പകര്‍ന്നു നല്‍കിയിട്ടുമുണ്ട്. അംബുജാക്ഷി അമ്മയാണ് ഭാര്യ. മേളകലാകാരന്‍ ശ്രീജന്‍, ശ്രീരഞ്ജിനി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സംഗീത, പരേതനായ രാധാകൃഷ്ണന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.

You cannot copy content of this page