ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള പ്രസ്താവന ഇന്ത്യൻ എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. റിലയൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ നിലപാട് തേടി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് വീണ്ടും ഈ നിർണായക പരാമർശം നടത്തിയത്.”റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായി നിർത്തുമെന്ന് ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ട്” എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താനാണ് അവസാനിപ്പിച്ചതെന്ന മുൻ അവകാശവാദവും അദ്ദേഹം ഈ വേളയിൽ ആവർത്തിച്ചു. ട്രംപിന്റെ ഈ പ്രസ്താവന ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. ട്രംപിന്റെ പ്രസ്താവന കണക്കിലെടുത്ത് വിമര്‍ശനവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.ഇന്ത്യൻ കമ്പനികളുടെ ആശങ്ക
റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യമാണ് ഇന്ത്യൻ കമ്പനികളുടെ ആശങ്കയ്ക്ക് കാരണം. ഈ ഉപരോധം നിലനിൽക്കെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ, റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്കും അമേരിക്കൻ ഉപരോധം നേരിടേണ്ടി വരുമെന്നാണ് നിലവിലെ അവസ്ഥ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളതെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണ കമ്പനികളുടെ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നതാണ് പൊതുവെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ നയം. എന്നാൽ, ട്രംപിൻ്റെ പുതിയ പ്രസ്താവന ഈ വിഷയത്തിൽ ഒരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
