പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയം സിപിഐ ചർച്ച ചെയ്യുമെന്നും നാളെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായി ആണ് യോഗം നടക്കുന്നത്. സിപിഐയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെച്ചത്.പിഎംശ്രീ ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവെയ്ക്കുമെന്ന് കരുതുന്നില്ലെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. സ്ഥിരീകരണമുണ്ടായാൽ ശക്തമായി പ്രതിഷേധവുമായി മുന്നോട്ടുപോകും. കൃത്യമായ അഭിപ്രായം നേരത്തെ പറഞ്ഞിട്ടുണ്ട്. വിദ്യഭ്യാസത്തെ വർഗീയ വത്കരിയ്ക്കാനുള്ള പദ്ധതി. തമിഴ്നാട്ടിലെതുപോലെ ശക്തമായ നിയമപോരാട്ടം വേണമെന്ന് ടി ടി ജിസ്മോൻ പറഞ്ഞു.വ്യക്തമായ അഭിപ്രായം പാർട്ടി സെക്രട്ടറി പറയുമെന്നായിരുന്നു വി എസ് സുനിൽകുമാറിന്റെ പ്രതികരണം. പിഎംശ്രീയിൽ നിലപാട് പാർട്ടി നേരത്തെ വിശദമാക്കിയതാണ്. പിഎംശ്രീയെന്നത് രാഷ്ട്രീയ വിഷയം. പ്രതികരിയ്ക്കാൻ സിപിഐയ്ക്ക് പേടിയില്ലെന്ന് അദേഹം പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
