കൊല്ലങ്കോട് വാഴപ്പുഴയിൽ പുലി കമ്പിവേലിയിൽ കുരുങ്ങിയ സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്തു

Spread the love

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ പുലി കമ്പിവേലിയിൽ കുരുങ്ങിയ സംഭവത്തിൽ സ്ഥലമുടമക്കെതിരെ കേസ്. പുലി കുരുങ്ങിയത് വന്യമൃഗങ്ങളെ പിടികൂടാൻ സ്ഥാപിച്ച വേലിയിലെന്നാണ് വംനവകുപ്പ് വിലയിരുത്തൽ. അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നും സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥമുടമക്കെതിരെ കേസെടുത്തത്.

മാസങ്ങളായി വാഴപ്പുഴ മേഖലയിൽ ആശങ്ക വിതക്കുന്ന പുലിയാണ് തെങ്ങിൻതോപ്പിലെ കമ്പിവേലിയിൽ കുരുങ്ങിയത്. വാലും കാലിന്റെ ഒരു ഭാഗവുമാണ് കമ്പിയിൽ കുരുങ്ങിയത്. പലതവണ സ്വയം കുരുക്കഴിച്ച് രക്ഷപ്പെടാൻ പുലി ശ്രമം നടത്തി. പക്ഷേ രക്ഷയില്ലായിരുന്നു. വനംവകുപ്പ് ഏറെ പ്രയാസപ്പെട്ടു അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പുലിയെ കൂട്ടിലെത്തിക്കാൻ. പുറമേ പരിക്കൊന്നുമില്ലെങ്കിലും ആന്തരിക പരിക്കുകൾക്ക് സാധ്യതയുണ്ടെന്ന് വെറ്റനറി സർജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വാഴപ്പുഴയിൽവെച്ച് തന്നെ നിരീക്ഷണത്തിലിരിക്കെയാണ് പുലി ചത്തത്. പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകു എന്നാണ് വംനവകുപ്പ് നിലപാട്.

നാളെ തൃശൂർ മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ 10 മണിയോടെ ചത്ത പുലിയുടെ പോസ്റ്റ്മോർട്ടം നടക്കും. ആന്തരിക രക്ത സ്രാവമാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.

You cannot copy content of this page