പാലക്കാട് വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ പ്രതികൾക്ക് സ്കൂൾ പരിസരത്തെ സ്ഫോടനത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. രണ്ട് പ്രതികൾ സ്ഫോടനത്തിന്റെ തലേന്ന് രാത്രി സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. സുരേഷ്, നൗഷാദ് എന്നിവരാണ് സ്കൂൾ പരിസരത് എത്തിയത്. എന്തിന് സ്കൂൾ പരിസരത് പോയി എന്നതിന് പ്രതികൾ കൃത്യമായ മറുപടി നൽകിയില്ല.
പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയത്. സുഹൃത്തിനെ കാണാൻ പോയതാണെന്നും കടയിൽ പോയതാണെന്നുമാണ് പ്രതികൾ പറയുന്നത്. അതേസമയം ഉഗ്രസ്ഫോടന ശേഷിയുള്ള വസ്തുവാണ് പിടിച്ചെടുത്തതെന്നാണ് എഫ്ഐആർ. മനുഷ്യജീവനെ ഇല്ലാതാക്കാൻ ശേഷിയുള്ള സ്ഫോടക വസ്തുക്കൾ ആണ് കല്ലേക്കാട്ട് സുരേഷിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ മൂന്നു പ്രതികളാണുള്ളത്.
വ്യാസ വിദ്യ പീഠം സ്‌കൂൾ വളപ്പിൽനിന്ന് ഉഗ്രസ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തിയത്. സുരേഷ് ആർഎസ്എസ് ബിജെപി പ്രവർത്തകനെന്ന് സിപിഐഎമ്മും കോൺഗ്രസും ആരോപിച്ചു. ഒരു ബന്ധമില്ലെന്ന് ബിജെപിയും വ്യക്തമാക്കി. ഓഗസ്റ്റ് 20ന് വൈകിട്ടാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യ പീഠം സ്‌കൂൾ പരിസരത്തു സ്‌ഫോടനമുണ്ടാകുന്നത്. പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടാണ് നൗഷാദ്, ഫാസിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തിൽ നിന്നാണ് ഇന്ന് രാവിലെ സുരേഷിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയത്. വീട്ടിൽ നിർത്തിയ പരിശോധനയിൽ ഇരുപത്തിനാല് ഇലക്ട്രിക് ഡിറ്റനേറ്ററും, 12 സ്‌ഫോടക വസ്തുക്കളുമാണ് കണ്ടെത്തിയത്.
