വാഹനലോകത്തെ അടുത്തറിയാൻ എക്സ്പോയുമായി കെ.എസ്.ആർ.ടി.സി. ആധുനിക സൗകര്യങ്ങളോടുകൂടിയ കെ.എസ്.ആർ.ടി.സി ബസുകളുടെ മെഗാ ലോഞ്ചിനൊപ്പമാണ് മൂന്നുദിനം നീണ്ടുനിൽക്കുന്ന എക്സ്പോ. മോട്ടോർ വാഹന വകുപ്പുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി ഈ മാസം 21 മുതൽ 24 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ട്രാൻസ്പോ 2025- കെ.എസ്.ആർ.ടി.സി എം.വി.ഡി മോട്ടോ എക്സ്പോ എന്നാണ് ഉദ്യമത്തിന് പേര്. ഈ മാസം 21ന് തിരുവനന്തപുരം ആനയറയിൽ വച്ച് ആധുനിക സൗകര്യങ്ങളോടെ നിരത്തിലിറക്കുന്ന ബസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പിറ്റേ ദിവസം മുതൽ കനകക്കുന്നിൽ എക്സ്പോ ആരംഭിക്കും. വിവിധ ട്രാൻസ്പോർട്ട്, ഓട്ടോമൊബൈൽ, ഇ മൊബിലിറ്റി, ടൂറിസം, ടെക്നോളജി, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എക്സ്പോയുടെ ഭാഗമാവും. കെ.എസ്.ആർ.ടി.സിയുടെ ചരിത്രവും വർത്തമാനവും പൊതുജനങ്ങളിലേക്ക് നേരിട്ട് അനുഭവഭേദ്യമാകുന്ന നിലയിലാണ് എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്.
