രോഗികളായ മാതാപിതാക്കളെ വാഹനത്തിൽ കയറ്റാൻ റോഡ് സൈഡിൽ കാർ നിർത്തിയതിന് പൊലീസ് പിഴ. അനാവശ്യമായി പിഴ ചുമത്തിയെന്ന് കാട്ടി മലയിൻകീഴ് സ്വദേശി പ്രസാദ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകി. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിന് മുന്നിലാണ് സംഭവം.
പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും അനാവശ്യമായി പിഴ ചുമത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. വാഹനം പാർക്ക് ചെയ്യുകയായിരുന്നില്ലെന്നും, മാതാപിതാക്കൾ കയറിയ ഉടൻ തന്നെ വാഹനം മാറ്റാമെന്ന് അറിയിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥൻ അത് ചെവിക്കൊണ്ടില്ലെന്ന് പ്രസാദ് പരാതിയിൽ പറയുന്നു. വാഹനം നിർത്തുന്നത് കണ്ടയുടൻ ഡോർ വലിച്ചു തുറന്ന് പൊലീസുകാരൻ കാറിനകത്ത് കയറി ഇരിക്കുകയായിരുന്നു.
ഓൺലൈനായി പിഴ അടയ്ക്കാമായിരുന്നിട്ടും, രോഗികളായ മാതാപിതാക്കളെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ നിർത്തേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നും, അനാവശ്യമായി പിഴ ചുമത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രസാദ് പരാതി നൽകിയിരിക്കുന്നത്.
