Breaking News

നടിക്കെതിരായ ലൈംഗികാധിക്ഷേപ പരാമർശം; ‘ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി’, ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം

Spread the love

കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാർത്ഥ പ്രയോഗങ്ങളെന്നും കുറ്റപത്രത്തിലുണ്ട്. രണ്ടു വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി. സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരെ നടത്തിയ ഇയാൾ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും, നടിയുടെ രഹസ്യമൊഴിയും, സാക്ഷി മൊഴികളും നിർണായകമാണ്. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസടുത്തത്.

നേരത്തെ, നടി നൽകിയ ലെെംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയത്. ബോഡി ഷെയ്മിങ് സമൂഹത്തിന് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

 

ജയില്‍ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമായിരുന്നു പ്രതികരണം. എങ്കില്‍പോലും ആര്‍ക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ തന്‍റെ വാക്കുകള്‍ കൊണ്ട് വിഷമിച്ചിട്ടുണ്ടെങ്കില്‍ അവരോടൊക്കെ മാപ്പ് ചോദിക്കുന്നു എന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചിരുന്നു.

You cannot copy content of this page