Breaking News

‘ഞങ്ങൾ കുരിശ് സ്ഥാപിക്കാൻ വന്നതല്ല, 65 വർഷമായുള്ള വിശ്വാസമാണ്’; വനം വകുപ്പ് കുരിശ് പൊളിച്ച തൊമ്മൻകുത്തിലേക്ക് പ്രാർത്ഥനയുമായി വിശ്വാസികൾ

Spread the love

ഇടുക്കി തൊടുപുഴ തൊമ്മൻകുത്തിൽ വനം വകുപ്പ് കുരിശു പൊളിച്ച സ്ഥലത്ത് പ്രാർത്ഥനയുമായി വിശ്വാസികൾ. കുരിശിന്റെ വഴിയുമായി എത്തിയ വിശ്വാസികളെ വനംവകുപ്പും, പൊലീസും തടഞ്ഞു. 500 ഓളം വരുന്ന വിശ്വാസികളാണ് കുരിശിന്റെ വഴിയിൽ ഭാഗമായത്.

കുരിശിന്റെ വഴിയുടെ ഭാഗമായ സമാപന സ്ഥാനത്ത് നാൽപ്പതാം വെള്ളി ദിവസം വിശ്വാസികൾ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ച സ്ഥലത്താണ് ഇന്ന് പ്രാർത്ഥന നടന്നത്. തൊമ്മൻകുത്ത് സെൻറ് തോമസ് പള്ളിയിൽ രാവിലെ നടന്ന ദുഃഖവെള്ളി ചടങ്ങുകൾക്ക് ശേഷം വിശ്വാസികൾ കുരിശിന്റെ വഴിയുമായി ഇറങ്ങി. എന്നാൽ തൊടുപുഴ റിസർവ് ഫോറസ്റ്റിൻ്റെ ഭാഗമായ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വിശ്വാസികളെ വനം വകുപ്പും, പൊലീസും തടഞ്ഞു. വലയം ഭേദിച്ച അകത്തു കയറി വിശ്വാസികൾ കുരിശുപൊളിച്ച സ്ഥലത്ത് പ്രാർത്ഥന നടത്തി.

തങ്ങൾ കുരിശ് സ്ഥാപിക്കാൻ വന്നതല്ല, 65 വർഷമായുള്ള വിശ്വാസമാണ്. ഇത് ഒരു കാരണവശാലും വനം വകുപ്പിന്റെ ഭുമിയില്ലെന്നും ഒരു വിശ്വാസി പള്ളിക്ക് വിട്ടുനല്കിയ സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. കുരിശ് പൊളിച്ചു മാറ്റിയത് ഒരു കാരണവശാലും സമ്മതിക്കില്ലെന്നും വിശ്വാസികൾ കൂട്ടിച്ചേർത്തു. വനം വകുപ്പിന്റെ വാദങ്ങൾ അംഗീകരിക്കാനില്ലെന്നും ഇടവക അംഗങ്ങൾ പറഞ്ഞു.

അതേസമയം, വനഭൂമിയിൽ അതിക്രമിച്ചു കയറിയതിന് നിയമനടപടി ഉണ്ടാകുമെന്ന് കാളിയാർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ മനു കെ നായർ വ്യക്തമാക്കി. വിശുദ്ധ വാരത്തിനുശേഷം വീണ്ടും കുരിശ് സ്ഥാപിക്കും എന്നാണ് വിശ്വാസികൾ പറയുന്നത്. കുരിശ് കയ്യിൽ പിടിച്ച് സമാധാനപരമായി പ്രാർത്ഥന നടത്തി പിന്നീട്
വിശ്വാസികൾ പിരിഞ്ഞു.

You cannot copy content of this page