Breaking News

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

Spread the love

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ട്. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.

അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി. അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് തപാല്‍ വഴി മറുപടി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്.പരാതിയില്‍ നേരത്തെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയത്.

You cannot copy content of this page