Breaking News

ഭൂചലനത്തിൽ വിറച്ച് മ്യാൻമർ; മരണം 1000 കവിഞ്ഞതായി റിപ്പോർട്ട്

Spread the love

മ്യാൻമറിൽ ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം ആയിരം കടന്നതായി റിപ്പോർട്ട്. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാലെയിലാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രദേശത്തും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മ്യാൻമറിലും തായ്‌ലൻഡിലും രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂചലനത്തിൽ മ്യാൻമറിലെ വിവിധ പ്രദേശങ്ങളിലായി കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ എന്നിവ തകർന്നു. തായ് തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 30 നിലകളുള്ള ഒരു കെട്ടിടം അപകടത്തിൽ തകർന്നു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്. അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂചലനത്തിൽ 10 പേർ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 100 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

അതേസമയം, ദുരന്തത്തിൽ സഹായവുമായി ഇന്ത്യ എത്തി. രക്ഷാ സംഘത്തെയും ഒരു മെഡിക്കൽ സംഘത്തെയും കൂടാതെ ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയര്‍, സോളാര്‍ ലാമ്പ്, ജനറേറ്റര്‍ അടക്കം 15 ടണ്‍ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും സഹായം നൽകുന്നതിനും ഞായറാഴ്ച 50 പേരെ അയയ്ക്കുമെന്ന് മലേഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഐക്യരാഷ്ട്രസഭ 5 മില്യൺ ഡോളർ അനുവദിച്ചു. സഹായവുമായി അമേരിക്കയും എത്തിയിട്ടുണ്ട്. റഷ്യയുടെ അടിയന്തര മന്ത്രാലയം 120 രക്ഷാപ്രവർത്തകരെയും സാധനങ്ങളെയും വഹിച്ചുകൊണ്ട് രണ്ട് വിമാനങ്ങൾ അയച്ചതായി റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് മ്യാന്‍മറിനെ നടുക്കി ഭൂകമ്പമുണ്ടായത്. ഇതിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാന്‍മറിലെ സാഗെയിങ് നഗരത്തിന് സമീപമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ തന്നെയാണ് തായ്‌ലന്‍ഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പമുണ്ടാകുന്നത്. ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിൽ മ്യാൻമറിലും തായ്‌ലാൻഡിലും സൈന്യം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

You cannot copy content of this page