Breaking News

ഹരിതകർമസേനാം​ഗത്തെ ഇടിച്ചിട്ട് കെഎസ്ആർടിസി; ബസിൻ്റെ നമ്പർ കണ്ടുപിടിച്ച് കൊണ്ടുവരാൻ പരാതിക്കാരിയോട് പൊലീസ്

Spread the love

പറവൂർ: വയോധികയെ ഇടിച്ചിട്ട ശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോയി. പറവൂർ ന​ഗരസഭയിലെ ഹരിതകർമസേനാംഗം പെരുമ്പടന്ന മാട്ടുമ്മൽ ഷീബയെ ഇടിച്ചിട്ട ശേഷമാണ് ബസ് നിർത്താതെ പോയത്. സംഭവത്തിൽ പറവൂർ പൊലീസിൽ ഷീബ പരാതി നൽകിയെങ്കിലും ബസിൻ്റെ നമ്പർ കണ്ടുപിടിച്ചുകൊണ്ടുവരാനാണ് പൊലീസ് ഷീബയോട് ആവശ്യപ്പെട്ടത്. ജനുവരി 31-ന് രാവിലെ 10.30-ന് ചേന്ദമംഗലം കവലയിൽ വെച്ചാണ് ഷീബയെ ബസ് ഇടിച്ചിട്ടിട്ട് നിർത്താതെ പോയത്.

ഹരിതകർമസേനയുടെ ഉന്തുവണ്ടിയുമായി പോവുകയായിരുന്നു ഷീബ. ബസ് ഉന്തുവണ്ടിയിൽ തട്ടിയതോടെ റോഡിൽ തെറിച്ചു വീണ ഷീബയെ നാട്ടുകാർ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഷീബയുടെ ഇടതു കൈ എല്ലിന് പൊട്ടലുണ്ട്. ഷീബയുടെ തോളിനും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി രേഖാമൂലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഉന്തുവണ്ടിയിൽ ബസ് ഇടിക്കുന്നതും ഷീബ തെറിച്ചു വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ബസിൻ്റെ നമ്പർ വ്യക്തമായിരുന്നില്ല. മൊഴിയൊടുക്കാൻ ഷീബയെ വിളിച്ചപ്പോഴാണ് പൊലീസ് ബസിൻ്റെ നമ്പർ കണ്ടുപിടിച്ചു കൊണ്ടുവരാൻ ഷീബയോട് ആവശ്യപ്പെട്ടത്. ബസിൻ്റെ നമ്പർ കണ്ടുപിടിക്കേണ്ടത് പൊലീസ് അല്ലേ എന്നാണ് ഷീബ ചോദിച്ചത്. ഷീബയ്ക്ക് ലഭിക്കേണ്ട നിയമസഹായം പൊലീസ് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് നഗരസഭാ ചെയർപേഴ്‌സൺ ബീന ശശിധരൻ പറഞ്ഞു. കുറ്റക്കാരനായ ബസ് ഡ്രൈവറുടെ പേരിൽ കേസെടുക്കണമെന്നും പരാതിക്കാരിയെ ബുദ്ധിമുട്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

You cannot copy content of this page