Breaking News

നാസയുടെ തലപ്പത്ത് ആദ്യമായി എത്തിയ വനിത; ആരാണ് ഇടക്കാല അഡ്‌മിനിസ്ട്രേറ്ററാവുന്ന ജാനറ്റ് ഇ പെട്രോ?

Spread the love

1958-ൽ സ്ഥാപിതമായ നാസയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത തലപ്പത്ത് എത്തിയിരിക്കുകയാണ്. 70 വർഷത്തിനിടയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രണ്ടാം തവണ അധികാരമേറ്റതോടെ നാസയ്ക്ക് പുതിയ ഇടക്കാല അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു. ഈ സ്ഥാനത്തേക്ക് എത്തിയത് അമേരിക്കൻ എഞ്ചിനീയറും സർക്കാർ ഉദ്യോഗസ്ഥയുമായ ജാനറ്റ് ഇ പെട്രോയാണ്. നാസയുടെ 14-ാം തലവനായിരുന്ന ബില്‍ നെല്‍സണിന്‍റെ പിന്‍ഗാമിയായാണ് ഡോണള്‍ഡ് ട്രംപ് രണ്ടാംവട്ടം അധികാരമേറ്റയുടന്‍ ജാനെറ്റ് പെട്രോയുടെ നിയമനം.

ആരാണ് ജാനറ്റ് ഇ പെട്രോ?

നാസയുടെ ഫ്ലോറിഡയിലെ ജോൺ എഫ് കെന്നഡി സ്പേസ് സെൻ്ററിൻ്റെ 11-ാമത്തെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ജാനെറ്റ്, അമേരിക്കയിലെ മിലിട്ടറി അക്കാഡമിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. യുഎസ് ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി സേവനം ചെയ്ത അവർ, മിലിട്ടറി സേവനത്തിന് ശേഷം വിവിധ മാനേജ്‌മെന്‍റ് സ്ഥാനങ്ങൾ വഹിച്ചു. നാസയിൽ ചേരും മുമ്പ് മക്‌ഡോണൽ ഡഗ്ലസ് എയ്റോസ്പേസ് കോർപ്പറേഷനിൽ മെക്കാനിക്കൽ എഞ്ചിനീയറും പേലോഡ് സ്പെഷ്യലിസ്റ്റുമായി പ്രവർത്തിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന ബില്‍ നെല്‍സണ്‍ 2021 ജൂണ്‍ 30നാണ് ജാനെറ്റിനെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന്‍റെ തലവയാക്കിയത്. അതിനും മുമ്പ് ഇവർ കെന്നഡി സ്പേസ് സെന്‍ററിന്‍റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.നാസയുടെ എല്ലാ പരിപാടികളും ബജറ്റും നിയന്ത്രിക്കുക ഇനി ജാനെറ്റായിരിക്കും. നാസ ബഹിരാകാശ, ഗ്രഹാന്തര പര്യവേഷണങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്ന കാലയളവിലാണ് ജാനെറ്റ് പെട്രോ നാസയുടെ തലപ്പത്തേക്ക് എത്തുന്നത്. രണ്ടാം ട്രംപ് സർക്കാരിന് കീഴില്‍ നാസയുടെ പ്രവർത്തനം എങ്ങനെയായിരിക്കും എന്നത് വലിയ ആകാംക്ഷയാണ്. ഇടക്കാലത്തേക്ക് ആണെങ്കിലും, നാസയെ നയിക്കുന്ന ആദ്യ വനിതയാണ് ജാനറ്റ് പെട്രോ എന്ന പ്രത്യേകതയും ഈ നിയമനത്തിന് പിന്നിലുണ്ട്. 2018ല്‍ ജാനെറ്റ് ഇ പെട്രോയെ ഫ്ലോറിഡ ഗവര്‍ണര്‍, ഫ്ലോറിഡ വിമണ്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി.

You cannot copy content of this page