ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം അജിത് കുമാറിന്റെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഡിജിപിയുടെ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. ആർഎസ്എസ് നേതാക്കളെ കണ്ടത് ഡിജിപി പദവിക്ക് വേണ്ടിയാകാമെന്നു സംശയമെന്നു റിപ്പോർട്ട്. കൂടിക്കാഴ്ച്ചയിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശം.
കൂടിക്കാഴ്ച്ചയുടെ ഉള്ളടക്കം സംബന്ധിച്ച് വ്യക്തത തന്നില്ലെന്ന് ഡിജിപി. പോലീസ് സേനയെ സംശയ നിഴലിൽ നിർത്തിയെന്ന് റിപ്പോർട്ടിൽ പരാമർശം. ഈ പരാമർശങ്ങളിലാണ് അജിത്കുമാറിന്റെ സ്ഥാനം തെറിച്ചത്. ആർഎസ്എസ് നേതാക്കളുമായി കോവളത്തും തൃശൂരിലും എഡിജിപി കൂടിക്കാഴ്ച നടത്തിയതിന്റെ ഉള്ളടക്കത്തിൽ ഡിജിപിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. സ്വകാര്യ സന്ദർശനമെന്നാണ് കൂടിക്കാഴ്ച സംബന്ധിച്ച് എഡിജിപി നൽകിയ മൊഴി.
രാഹുൽ ഗാന്ധിയെ വയനാട്ടിൽ വെച്ച് സന്ദർശിച്ചിരുന്നുവെന്നതാണ് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ സാധൂകരിക്കാൻ എഡിജിപി നൽകിയ മൊഴി. എന്നാൽ ഇതിനെ ഡിജിപി പൂർണമായി തള്ളുകയാണ്. ഡിജിപിയുടെ റിപ്പോർട്ടിൽ ഗുരുതര സംശയങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നാണ് വിവരം.
സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി വൈകി എഡിജിപിക്കെതിരെ നടപടി എടുത്ത്. എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.