ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ ഇറങ്ങാൻ സന്നദ്ധനാണെന്ന് അറിയിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും അറിയിച്ചെന്നാണ് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറയുന്നത്. മൂന്ന് മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത്. അർജുന്റെ ബന്ധുക്കൾ ഇന്ന് രാവിലെ ഷിരൂരിലെത്തും.
ഗംഗാവലിപ്പുഴയിൽ തെരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ല എന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട്.
ഷിരൂരിൽ മണ്ണിച്ചിടിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66–ൽ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിനു ശേഷമാണ് ഈ പാതയിലൂടെ ഗതാഗതം അനുവദിച്ചത്. മലയാളിയായ അർജുനും മറ്റൊന്നാവധി ആളുകൾ അപകടത്തിൽപ്പെട്ട പാതയാണ് ഇത്. അപകടത്തിനുശേഷം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതം നിരോധിച്ചത്. മണ്ണിടിഞ്ഞ പ്രദേശത്തിനു നാലു കിലോമീറ്റർ ദൂരത്ത് ദേശീയപാതയിൽ ഇരുവശത്തും ബാരിക്കേഡുകൾ വച്ചാണ് ഗതാഗതം തടഞ്ഞിരുന്നത്.
ഇപ്പോഴത്തെ നിബന്ധന പ്രകാരം 20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി. ഇതിനായി സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും. കുന്നിൽനിന്നു വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കി വിടുന്നതിനു കാന പണിയാൻ നടപടി സ്വീകരിക്കും. റോഡരികിൽ പാർക്കിങ്ങിനു നിരോധനമുണ്ട്. പരിശോധനയ്ക്കായി പൊലീസിനെ നിയോഗിക്കും.