പച്ചത്തേങ്ങ വിലയ്‌ക്കൊപ്പം കൊപ്രവിലയും താങ്ങുവിലയേക്കാള്‍ കൂടി. കൊപ്രവില ചൊവ്വാഴ്ച ക്വിന്റലിന് 12,000 രൂപയായി. താങ്ങുവിലയായ 11,160 രൂപയെക്കാള്‍ 840 രൂപ കൂടുതല്‍. 2021 ഡിസംബര്‍ 30-ന് കൊപ്രവില 10,000 രൂപയായിരുന്നു. അന്നത്തെ താങ്ങുവില 10,590 രൂപ. അവിടുന്നങ്ങോട്ട് വിലയിടിവിന്റെ ദുരിതകാലമായിരുന്നു കൊപ്രയ്ക്ക്. ക്വിന്റലിന് 7000 രൂപവരെ താഴ്ന്നു.
പച്ചത്തേങ്ങയ്ക്കും ഇതേസ്ഥിതി. കിലോയ്ക്ക് 32 രൂപയായിരുന്നു താങ്ങുവിലയെങ്കിലും 2022 ജനുവരിയില്‍ തേങ്ങയുടെ വില 29-ലേക്ക് താഴ്ന്നു. പിന്നീട് 22 രൂപവരെയെത്തി. കോടികളുടെ നഷ്ടമാണ് വിലയിടിവുകാരണം കര്‍ഷകര്‍ക്കുണ്ടായത്. താങ്ങുവിലയ്ക്കുള്ള പച്ചത്തേങ്ങ, കൊപ്ര സംഭരണം ആരംഭിച്ചിരുന്നെങ്കിലും കാര്യക്ഷമമല്ലാത്തതിനാല്‍ ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. ഈവര്‍ഷവും കേരളത്തില്‍ സംഭരണമുണ്ടായിരുന്നെങ്കിലും 102 ടണ്‍ കൊപ്ര മാത്രമാണ് സംഭരിക്കാനായത്.
ചരക്കുവരവ് കുറഞ്ഞു
വില കൂടുന്നതിന്റെ പ്രധാനകാരണം ചരക്കുവരവ് കുറഞ്ഞതാണെന്നാണ് വ്യാപാരികളുടെ അഭിപ്രായം. കേരളത്തില്‍ ഈവര്‍ഷം തേങ്ങ ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് കൊപ്ര, ഉണ്ടക്കൊപ്ര ഉത്പാദനത്തെ ബാധിച്ചു. രണ്ടാമത് ഉത്തരേന്ത്യയില്‍ ആഘോഷസീസണ്‍ തുടങ്ങിയെന്നതാണ്. അടുത്തമാസം നവമി, ദീപാവലി ആഘോഷങ്ങളുണ്ട്. ഈ സമയത്താണ് കേരളത്തിലെ ഉണ്ടക്കൊപ്രയ്ക്കും കൊട്ടത്തേങ്ങയ്ക്കും വലിയ ആവശ്യം ഉണ്ടാവുക.
ഉണ്ടക്കൊപ്രവില കുതിക്കുന്നു
കൊപ്രയ്ക്കും പച്ചത്തേങ്ങയും മുമ്പേതന്നെ ഉണ്ടക്കൊപ്രവില താങ്ങുവിലയ്ക്കുമീതേ എത്തിയിരുന്നു. ഏതാണ്ട് ഒരുമാസം മുമ്പ്. അതിനുശേഷം വലിയ കുതിപ്പാണ് വിലയിലുണ്ടായത്. ജൂലായ് മാസത്തില്‍ ശരാശരി 9000 രൂപ വിലയുണ്ടായിരുന്ന ഉണ്ടയുടെ ഇപ്പോഴത്തെ വില 14,500 രൂപയാണ്. രണ്ടുമാസംകൊണ്ട് കൂടിയത് 5500 രൂപ. ഓഗസ്റ്റില്‍ 12,000 രൂപവരെ എത്തിയി രുന്നു. പിന്നീടുള്ള ഒരുമാസംകൊണ്ട് കൂടിയത് 2500 രൂപ. രാജാപ്പൂര്‍ കൊപ്രയുട വില 16,500 കടന്നു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വിലയാണിത്. കൊട്ടത്തേങ്ങ വിലയും ഉയരങ്ങളിലാണ്. 12,000 രൂപ.